കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്നാണ് 2 കിലോ സ്വർണം പിടികൂടിയത്. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാനിലയിൽ പിടിച്ചെടുത്തത്.
അബുദാബിയിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷമാണ് ഇയാളില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടിയത്. എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു.
ഇയാളുടെ കൈയില്‍ നിന്ന് സാധനങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന തേപ്പുപെട്ടിയുടെ ഭാരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തേപ്പുപെട്ടി കോഴിക്കോട് സ്വദേശിക്ക് നല്‍കാനുള്ളതാണെന്ന് അറിയിക്കുകയും ചെയ്തു. ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് തേപ്പുപെട്ടി മുറിച്ചുമാറ്റിയപ്പോഴാണ് അതിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് 42ആം തവണയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് സ്വർണം പിടികൂടിയത്.
Discussion about this post