പയ്യോളി: കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചേൽപ്പിച്ച് മാതൃകയായി അധ്യാപകൻ. നമ്പ്രത്ത് കര യു പി സ്കൂളിലെ അധ്യാപകനായ കായണ്ണ ബസാർ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് കളഞ്ഞ് കിട്ടിയ 4. 1/4 പവൻ്റെ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ചത്.
പയ്യോളി സബ് ട്രഷറിയിലെ ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു അധ്യാപകൻ. പേരാമ്പ്ര റോഡിലെ ബേക്ക് ലാൻ്റ് ബേക്കറിക്ക് മുന്നിലെ നടപ്പാതയിൽ നിന്നുമാണ് 4. 1/4 പവന്റെ സ്വർണമാല കളഞ്ഞ് കിട്ടിയത്.
ബേക്കറിയിൽ നിന്നും പലഹാരം വാങ്ങിയിറങ്ങിയ പാക്കനാർ പുരം പുത്തലത്ത് താഴ പ്രഭാഷിണിയുടെതായിരുന്നു നഷ്ടപ്പെട്ട മാല. മാല ലഭിച്ച വിവരം സതീശൻ മാസ്റ്റർ, ബേക്കറിയിലും സുഹൃത്തുക്കളായ അധ്യാപകരെയും അറിയിച്ചു. ഉടമയെത്തിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകി. അപ്പോഴേക്കും മാല നഷ്ടപ്പെട്ടത് മനസ്സിലാക്കിയ പ്രഭാഷിണി ബേക്കറിയിലെത്തി. തുടർന്ന് അധ്യാപകനെ ബന്ധപ്പെടുകയും
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണമാല കൈമാറുകയും ചെയ്തു.
Discussion about this post