തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിൽ ഗായത്രിയെ കൊല ചെയ്ത ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാൻ പ്രവീൺ ശ്രമിച്ചതായി പൊലീസ്. ഇതിനായി നിരവധി ശ്രമങ്ങളാണ് ഇയാൾ ചെയ്തത്. ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് ഗായത്രിയെ കൊല ചെയ്തതിന് തൊട്ട് പിന്നാലെ പ്രവീൺ യുവതിയുടെ ഫോൺ കൈക്കലാക്കി.
തുടർന്ന് രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസാക്കി ഇടുകയായിരുന്നു. ഇത് പൊലീസിനെ വഴി തെറ്റിക്കാൻ പ്രവീൺ ചെയ്തതായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് വഴക്കുണ്ടായെന്നും തുടർന്ന് ഗായത്രി ആത്മഹത്യ ചെയ്തു എന്ന് വരുത്താനുമായിരുന്നു ശ്രമം. എന്നാൽ ഇത് പൊളിഞ്ഞതോടെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. പരവൂർ പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പായി പ്രവീൺ കൊല്ലത്തെ ഒരു അഭിഭാഷകന്റെ സഹായം തേടിയതായും സൂചനയുണ്ട്.
തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും രണ്ട് വർഷം മുൻപാണ് അടുപ്പത്തിലായത്. വിവാഹിതനായിരുന്നെങ്കിലും അത് മറച്ചു വച്ചാണ് ഇയാൾ ഗായത്രിയെ വശത്താക്കിയത്. എന്നാൽ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീൺ വാക്ക് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തലസ്ഥാനത്തെ ഒരു പള്ളിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജുവലറിയിലെത്തി ബഹളം വച്ചിരുന്നു. തുടർന്നാണ് ഗായത്രി ജോലി രാജിവയ്ക്കേണ്ടി വന്നത്. എന്നാലും പ്രവീണുമായുള്ള ബന്ധം തുടർന്നിരുന്നു.ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകൾ ഗായത്രിയുടെ മൃതദേഹം ഇന്നലെ രാവിലെ 11.30നാണ് വീട്ടിലെത്തിച്ചത്. ജുവലറിയിലെ ജോലി രാജിവച്ച ശേഷം വീരണകാവ് അരുവികുഴിയിലെ ജിമ്മിൽ ട്രെയിനറായിരുന്നു ഗായത്രി.
Discussion about this post