പയ്യോളി: ആളൊഴിഞ്ഞ റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇരുട്ടിൻ്റെ മറവിലാണ് ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ ദുർഗന്ധം വമിക്കുന്ന ശീതളപാനീയ കടകളിലെയും ഹോട്ടലുകളിലെയും മാലിന്യം നിക്ഷേപിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം സംസ്കരിക്കുന്നത് നാട്ടുകാർക്ക് ബാധ്യതയാവുകയാണ്.

പയ്യോളി കീഴൂരിലെ ഏഞ്ഞിലാടി റോഡിലാണ് ഇന്നലെ രാത്രി മാലിന്യം കൊണ്ടിട്ടത്. ഇത് മൂന്നാം തവണയാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു. ആദ്യത്തെ രണ്ടു തവണ റോഡിന് തൊട്ടടുത്ത വീട്ടുകാർ മാലിന്യം സംസ്കരിക്കുകയായിരുന്നു. വീണ്ടും തുടർന്നതോടെയാണ് ഇവർ പരാതിയുമായി നഗരസഭ ആരോഗ്യ വിഭാഗത്തിന് മുന്നിലെത്തിയത്.

ഏഞ്ഞിലാടി റോഡിന് തൊട്ടടുത്ത കപ്പന റോഡിലും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പല തവണ ഇവിടെയും മാലിന്യം തള്ളുന്നുണ്ട്. ചീഞ്ഞുനാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന മാലിന്യമാണ് ഇവിടങ്ങളിൽ എറിയുന്നത്.

ഇടക്കിടെയുണ്ടാകുന്ന, ദുർഗന്ധവാഹിയായ മാലിന്യ നിക്ഷേപം കൊണ്ട്, വഴി നടക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് നാട്ടുകാർ. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മുൻ പയ്യോളി നഗരസഭാംഗം ഏഞ്ഞിലാടി അഹമ്മദ് ആവശ്യപ്പെട്ടു.

Discussion about this post