പയ്യോളി: തെരുവ് നായയുടെ ജീവന് കാവലായ ഗണേശൻ സ്റ്റാറായി. തലയിൽ അലൂമിനിയം പാത്രം കുടുങ്ങി ദിവസങ്ങളോളം ജലപാനം പോലുമില്ലാതെ അവശനായലഞ്ഞ നായയുടെ തലയിൽ നിന്നും പാത്രം ഊരിയെടുത്ത്, ജീവൻ രക്ഷിച്ചാണ് പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ എ കെ ഗണേശൻ കറകളഞ്ഞ സഹജീവി സ്നേഹത്തിന് മാതൃകയായത്.
മാർച്ച് 28ന് ബിജിത്ത് പയ്യോളിയുടെ വീട്ടുവളപ്പിൽ തലയിൽ കുടുങ്ങിയ പാത്രവുമായി നായ എത്തിയതോടെയാണ്, ദയനീയത മറ്റുള്ളവരുടെ ശ്രദ്ധ കവരുന്നത്. നായയുടെ തലയിൽ നിന്ന് പാത്രം ഊരിയെടുക്കാനായി അടുത്തു ചെന്നെങ്കിലും ഓടിപ്പോവുകയായിരുന്നു. തുടർന്ന് വീഡിയോ എടുത്ത് ഇദ്ദേഹം നായയുടെ ദുരിതകഥ വിവരിക്കുകയും രക്ഷപ്പെടുത്തണമെന്നഭ്യർഥിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതറിഞ്ഞ ഗണേശൻ നായയെ കണ്ടെത്തി, ഭയലേശമെന്യേ നായയെ പിടികൂടി ഏറെ പണിപ്പെട്ട് തലയിൽ നിന്നും പാത്രം ഊരിയെടുത്തു. പിന്നീട് നായയെ ഭക്ഷണവും വെളളവും നൽകി വിട്ടയച്ചു.
ഇക്കാര്യവും ബിജിത്ത് പയ്യോളി ഫേസ് ബുക്കിൽ പങ്കുവെച്ചത്തോടെ, പോസ്റ്റ് കാണാനിടയായ നഗരസഭാംഗം എ പി റസാഖ് സംഭവം കൗൺസിൽ യോഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും സമാദരണത്തിന് അരങ്ങൊരുങ്ങുകയുമായിരുന്നു.
നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി എകെ ഗണേശന് ഉപഹാരം നൽകി. സമാദരണത്തിൻ്റെ സന്തോഷം പങ്കിടാൻ ഗണേശൻ്റെ ഭാര്യയും രണ്ടു കുട്ടികളും ചടങ്ങിനെത്തിയിരുന്നു.
വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസ്, കെ ടി വിനോദ്, സുജല ചെത്തിൽ, വി കെ അബ്ദുറഹിമാൻ എന്നിവരും നഗരസഭാംഗങ്ങളും ജീവനക്കാരും ചടങ്ങ് പ്രൗഢമാക്കി.
Discussion about this post