പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍.
ഇലന്തൂര്‍ ചായപുന്നക്കല്‍ വീട്ടില്‍ രാഹുല്‍ കൃഷ്ണന്‍, ചായപുന്നക്കല്‍ നൂര്‍ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോണ്‍ ജോസഫ്, മെഴുവേലി ശ്രീകൃഷ്ണപുരം ശിവവരദന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വാര്യാപുരത്തിനു സമീപമുള്ള ഒരു ഫര്‍ണിച്ചര്‍ വ്യാപാരശാലയിലെ ജീവനക്കാരനായ സുദര്‍ശനനെ (57) മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് നാലു യുവാക്കളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സുദര്‍ശനന്‍ ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ കടയോടു ചേര്‍ന്നുള്ള ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് പറയുന്നു. ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപവാസികളോടു തങ്ങള്‍ സുദര്‍ശനനെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നതായി പറയുന്നു.
Discussion about this post