പയ്യോളി: മലിനജലം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ട മത്സ്യ ലോറിക്ക് പിഴയിട്ട് നഗരസഭ. പയ്യോളി നഗരസഭ ആരോഗ്യ വിഭാഗമാണ് വൻ പിഴയീടാക്കിയത്. കഴിഞ്ഞ ദിവസമാണ് മത്സ്യം കയറ്റി വരികയായിരുന്ന കണ്ടെയ്നർ ലോറി പൊതുവഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കിവിട്ടത്.
അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം സർവീസ് റോഡിൽ വ്യാഴാഴ്ച രാത്രി 9.30 യോടെയാണ് സംഭവം. കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി ടാങ്ക് തുറന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കിവിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു.
ഇതേ തുടർന്ന്, സ്ഥലത്തെത്തിയ പരിശോധന സംഘമാണ് ലോറി ഉടമയിൽ നിന്നും 20,000 രൂപ പിഴയീടാക്കിയത്. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ, ജെ എച്ച് ഐ വി കെ മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Discussion about this post