പയ്യോളി: കായിക രംഗം വളരുന്നുവെന്ന് പറഞ്ഞാലത്, മനുഷ്യൻ്റെ മാനസികമായും ശാരീരികമായുമുള്ള കരുത്ത് വർദ്ധിക്കുകയാണ്, എന്നാണ് നാം മനസ്സിലാക്കേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കായികരംഗത്തെ ഉയർത്തിക്കൊണ്ടു വരാനുള്ള എല്ലാ ശ്രമവും സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി തുടർന്നു.
കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച്, കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂര്‍വ്വചിത്രങ്ങളുടെ പ്രദര്‍ശനവുമായി പര്യടനമാരംഭിക്കുന്ന ഫോട്ടോ വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പയ്യോളി ബസ്സ് സ്റ്റാൻ്റിൽ നടന്ന ചടങ്ങിൽ കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ ഒളിംപ്യൻ പി ടി ഉഷ മുഖ്യാഥിതിയായി. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, കിഷോർ കുമാർ, മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദ് പ്രസംഗിച്ചു. ഡോ. റോയ് ജോൺ സ്വാഗതവും ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി സത്യൻ നന്ദിയും പറഞ്ഞു.
പയ്യോളിയില്‍ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടി പര്യടനം തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി വി രാജയുടെ ചിത്രത്തില്‍ ആരംഭിച്ച്, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി ടി ഉഷയുടെ ചിത്രമടക്കം, സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം.
കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന പ്രദര്‍ശന യാത്ര 14 ജില്ലകളും ചുറ്റി ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.
ഏപ്രില്‍ 30 ന് തിരുവനന്തപുരം എന്‍ജിനീയേഴ്സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷന് തുടക്കമാകും.
ചിത്രങ്ങൾ : സുരേന്ദ്രൻ പയ്യോളി, ജുനൈദ് പയ്യോളി
Discussion about this post