കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് അന്ത്യം. തിരുവമ്പാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച് 17 വര്‍ഷം എം.എല്‍.എ.യായി. ഏറെക്കാലമായി മറവി രോഗബാധിതനായിരുന്നു. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു.
മൃതദേഹം കോഴിക്കോട്ട് കോവൂരിലുള്ള ഗുഡ് എര്‍ത്ത് വില്ല അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയും തുടര്‍ന്ന് ടൗണ്‍ ഹാളില്‍ 12 മണിവരെയും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം കട്ടിപ്പാറയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍.
മൂന്ന് വര്‍ഷത്തോളം എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താമരശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ്, കേരള റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രഡിസന്റ്, റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ മുതലായ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കൃഷിമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകള്‍ സ്ഥാപിക്കുന്നത്.
Discussion about this post