തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വനംവകുപ്പിലെ റാപ്പിഡ് റെസ്‌പേണ്‍സ് ടീം അംഗം മരിച്ചു. മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്. വനംവകുപ്പിന്റെ സങ്കീര്‍ണമായ ദൗത്യങ്ങളില്‍ മുന്‍നിരപ്പോരാളിയായിരുന്നു ഹുസൈന്‍ എന്ന 32കാരന്‍.
കഴിഞ്ഞ നാലാം തീയതിയാണ് പാലപ്പിള്ളിയില്‍ മുത്തങ്ങയില്‍ നിന്നുമെത്തിച്ച കുങ്കിയാനകളുമായി വനംവകുപ്പ് കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പത്താഴപ്പാറയിലെ ബേസ് ക്യാംപില്‍ കുങ്കിയാനകളെ തളച്ച് വിശ്രമത്തിലായിരുന്ന സംഘം സമീപത്ത് കാട്ടാനയിറങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് യാത്ര തിരിച്ചത്. പത്താഴപ്പാറയ്ക്കടുത്ത് തന്നെ നിലയുറപ്പിച്ചിരുന്ന കൊമ്പന്‍ ഹുസൈനെ തട്ടിവീഴ്ത്തുകയായിരുന്നു.
വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റ് തൃശൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. 32കാരനായ ഹുസൈന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. വനസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും മനുഷ്യവന്യജീവി സംഘര്‍ഷ പ്രദേശങ്ങളിലേക്ക് വന്യജീവികളെ തുരത്താനുള്ള ദൗത്യത്തില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുകയും
ചെയ്തിരുന്നു.
Discussion about this post