തുടക്കത്തിലേ ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി. അതുകൊണ്ട് തന്നെ നിസ്സാരമെന്ന് കരുതി അവഗണിക്കുന്ന ലക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടത് ആണ്. ചെള്ള് പനി അഥവാ സ്ക്രബ് ടൈഫസ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണ്.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് .
ലക്ഷണങ്ങള്‍:
ആദ്യം കാണിക്കുന്നത് ശരീരത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകളാണ്. ഇതിനോടൊപ്പം തലവേദന, പനി, അതോടൊപ്പം അതികഠിനമായ രീതിയില്‍ ചുമ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ശരീരം വിറക്കുന്നത് എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ചെള്ള് കടിച്ച് 10 -12 ദിവസം വരെയാണ് അതിന്റെ ഇന്‍ക്യുബേഷന്‍ സമയം. ഇതിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വിറയലോട് കൂടിയ പനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് പിന്നീട് കറുത്ത വ്രണം പോലെ കാണപ്പെടുന്നു. കക്ഷം, കാലിന്റെ അടിഭഗം, കഴുത്ത്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നു. കണ്ണ് വേദനയും, കഴല വീക്കവും, വരണ്ട ചുമയും എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ഹൃദയത്തേയും തലച്ചോറിനേയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
രോഗ പ്രതിരോധനിയന്ത്രണ മാര്‍ഗങ്ങള്‍:
സ്ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.
പ്രതിരോധ മാര്‍ഗങ്ങള്‍:
ചെള്ളിന്റെ കടിയേല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക. രോഗത്തെ കൃത്യമായി രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. ആന്റിബയോട്ടിക് ചികിത്സയാണ് നിലവിലുള്ളത്. പ്രതിരോധം പുറത്ത് പോവുമ്പോഴും കന്നുകാലികളുമായി അടുത്തിടപഴകുമ്പോഴും നമുക്ക് അല്പം ശ്രദ്ധവേണം
🟪 പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
🟪 പുല് നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
🟪 എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
🟪 ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം.
🟪 പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
🟪 വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
🟪 രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.
രോഗനിര്‍ണയം:
ചെള്ള് പനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുമുണ്ട്. രക്തപരിശോധനയും, രോഗിയുമായുള്ള സമ്പര്‍ക്കവും എല്ലാം രോഗനിര്‍ണയം എളുപ്പമാക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യത്തിനുള്ള വൈദ്യസഹായം എടുക്കുന്നതിനും ശ്രദ്ധിക്കണം.
Discussion about this post