പറവൂർ: ഭൂമി തരം മാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കുറിപ്പെഴുതി വെച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോൾ വായ്പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. പലരിൽ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയിൽ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കിൽ പണയത്തിനായി നൽകിയപ്പോഴാണ് ഡേറ്റാ ബാങ്കിൽ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.
നിലം പുരയിടമാക്കി കിട്ടാൻ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.
കത്തിലെ എഴുത്തിൽ അവ്യക്തത ഉള്ളതിനാൽ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ. കൊവിഡ് പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടതിനെ തുടർന്ന് മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും
Discussion about this post