ഇടുക്കി: കുളമാവ് ഡാമിൽ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വലയില്‍ കുടുങ്ങി വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. മീന്‍ പിടുത്ത ത്തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മത്സ്യ ബന്ധനത്തിനായി പോയതായിരുന്നു ഷിബു. രാത്രി വൈകിയിട്ടും കാണാതായതോടെയുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയ സമീപവാസികളാണ് വലയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ഷിബുവിന്‍റെ മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കുളമാവ് പൊലീസും തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി മാറ്റി. മീന്‍ പിടിക്കാനായി ഡാമില്‍ വല വിരിക്കുന്നതിനിടെ വലയില്‍ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post