വടകര: പാസ്പോപോർട്ട് സേവാ കേന്ദ്രത്തിലെ ദുരിതത്തിനെതിരെ പ്രതികരിച്ച യുവാവിൻ്റെ എഫ് ബി അക്കൗണ്ട് പൂട്ടി.
പാസ്പോർട്ട് സേവ കേന്ദ്രത്തിൽ എത്തുന്ന അപേക്ഷകർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് എഫ് ബി യിൽ പ്രതികരിച്ചതാണ് യുവാവിന്റെ അക്കൗണ്ട് പൂട്ടാനിടയായതെന്ന് പറയുന്നു.
മേഖലയിലുള്ളവരുടെ അപേക്ഷകളും മറ്റ് പരാതികളും സമയബന്ധിതമായി പരിഹരിച്ച് പാസ്പോർട്ട് ലഭ്യമാക്കാൻ ആരംഭിച്ചതാണ് സേവ കേന്ദ്രം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പുറത്ത് കാത്തു നിൽക്കുകയാണ് പതിവ്. ഇരിക്കാനായി ഓഫിസിനുള്ളിലാണ് കുറച്ച് സീറ്റുകൾ ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുള്ളത് കൊണ്ട് ഈ ഇരിപ്പിടങ്ങൾ പൂർണമായി ഉപയോഗിക്കാൻ കഴിയുന്നില്ല.
കൈ കുഞ്ഞുങ്ങളുമായി എത്തുന്നവരടക്കം വരാന്തയിലാണ് ഇരിക്കേണ്ടി വന്നത്. സ്ത്രീകളടക്കമുള്ളവരുടെ ദുരിതവും പ്രതികരണവും പൊതു പ്രവർത്തകനായ വടകര താഴെ അങ്ങാടി സ്വദേശി മുനീർ സേവന എഫ് ബിയിൽ പങ്കുവെച്ചിരുന്നു. ഇതോടെ എഫ്.ബി അക്കൗണ്ട് പൂട്ടുകയായിരുന്നു. അരമ ണിക്കൂറിനു ശേഷം പോസ്റ്റ് നീക്കി ശേഷം തിരിച്ചു നൽകുകയായിരുന്നു.
കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ളതിന്റെ ഭാഗമാണ് എഫ് ബി പോസ്റ്റ് നീക്കിയതെന്ന് മുനീർ സേവന പറഞ്ഞു. എഫ് ബി പോസ്റ്റ് നീക്കിയതിന് പിറകെ നിരവധി പേരാണ് പോസ്റ്റ് വീണ്ടും ചെയ്തത്.
Discussion about this post