ദോഹ : ഡിസംബര്‍ രണ്ടു മുതല്‍ ലോകകപ്പ് ഫുട് ബോളിന്റെ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരം. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള
സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022
മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.
Discussion about this post