തിരുവനന്തപുരം ∙ വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ കോടതി നിർദേശിച്ചത് തിരിച്ചടിയാണെന്നത് തെറ്റായ വ്യാഖ്യാനമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കോടതിക്കു മുൻപിൽ ഒരു കേസെത്തിയപ്പോൾ അതിന്റെ നടപടി ക്രമം മാത്രമാണുണ്ടായത്. അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട്. എല്ലാ അന്വേഷണങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.

‘‘കോൺഗ്രസ് പ്രവർത്തകർ നിരാശരായി ചുറ്റിക്കറങ്ങി നടക്കുകയാണ്. അവർ കോടതിയിൽ പോകും, ഗുണ്ടകളെ അയയ്ക്കും ,ആക്രമിക്കും. അതിന്റെ ഭാഗമാണ് ഇതും. ടിക്കറ്റ് എടുത്ത് ആക്രമിക്കാൻ വന്നവർ പത്തു ദിവസം ജയിലിൽ കിടന്നില്ലേ? അത് നടപടിക്രമത്തിന്റെ ഭാഗമാണ്. എന്നെ കൊല്ലാൻ നടക്കുന്നവർ എനിക്കെതിരെ കേസ് കൊടുക്കുന്നതിൽ അതിശയമില്ല. പരാതി കിട്ടിയാൽ ഏത് കോടതിയും കേസെടുക്കാൻ നിർദേശിക്കും’’ – ജയരാജൻ പറഞ്ഞു.

‘‘എനിക്ക് വിലക്ക് ഏർപ്പെടുത്തിയതിലൂടെ വിമാനക്കമ്പനിയുടെ നിലവാരത്തകർച്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റു പറ്റിയിട്ടില്ല. ശരിയേ ചെയ്യാറുള്ളു. ഏത് കോടതിയായാലും പ്രശ്നമില്ല. പൊലീസ് നല്ല നിലയിൽ അന്വേഷണം നടത്തുന്നുണ്ട്. മുഴുവൻ വിവരങ്ങളും ലഭിച്ച ശേഷം പൊലീസ് അക്കാര്യങ്ങൾ വെളിപ്പെടുത്തും’’ – ഇ.പി.ജയരാജൻ പറഞ്ഞു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽമജിസ്‌ട്രേറ്റ് ലെനി തോമസാണ് ജയരാജനെതിരെ കേസെടുക്കാൻ വലിയതുറ പൊലീസിനു നിർദേശം നൽകിയത്.



































Discussion about this post