കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടതിനെ തുടർന്ന് മൂന്ന് പേർക്ക് ദാരുണ മരണം. ആനയുടെ ആക്രമണത്തിലും തിക്കിലും തിരക്കിലും പെട്ടാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് വയോധികർ മരിച്ചു. കുറുവങ്ങാട് തൈക്കണ്ടി അമ്മുക്കുട്ടി അമ്മ(78), വട്ടാങ്കണ്ടി താഴ ലീല (68), ഊരള്ളൂർ കാരയാട്ട് രാജന് (68) എന്നിവരാണ് മരിച്ചത്. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ചു.
അമ്മു അമ്മയുടെ ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ: ദാസൻ, ബാബു, മനോജ്, ഗീത.
രാജൻ്റെ ഭാര്യ സരള. മക്കൾ: സച്ചിൻ രാജ്, രജീഷ്മ. മരുമക്കൾ: സ്നേഹ, സൂരജ്.
ലീലയുടെ ഭർത്താവ്: ആണ്ടിക്കുട്ടി. മക്കൾ: ലി ഗേഷ്, അഭിലാഷ്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള പീതാമ്പരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. പടക്കം പൊട്ടിയതിനെ തുടർന്ന് ഭയന്ന പിന്നിലെ ആന മുന്നിലെ ആനയെ കുത്തിയതിനെ തുടർന്ന് വിരണ്ടോടുകയായിരുന്നു. ഇതേതുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചവരടക്കം 36 ഓളം പേർക്ക് പരിക്കേറ്റത്. എഴുന്നളളിപ്പിനായി ആനകളെ സജ്ജമാക്കുന്നതിനിടയിലാണ് ആനകളിടഞ്ഞത്.
ആനകളുടെ പുറത്ത് തിടമ്പേറ്റി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സംഭവം. ആനപ്പുറത്തിരുന്നകുറച്ചു പേര് വേഗത്തില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇറങ്ങാന്‍ കഴിയാത്ത രണ്ടു പേരെയും കൊണ്ട് ആന ഒരു പാട് ദൂരം ഓടി. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തേക്കും വടക്ക് ഭാഗത്തേക്കും ഓടിയ ആനകളെ പിന്നീട് ഏറെ നേരത്തെ സാഹസത്തിന് ശേഷമാണ് തളച്ചത്. ഇതിനിടയില്‍ ക്ഷേത്രം ഓഫീസ് തകര്‍ത്തു. ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തര്‍ എത്തിയിരുന്നു. അണേല, കാട്ടുവയല്‍ ഭാഗത്തു നിന്നുളള ആഘോഷ വരവുകളും ഈ സമയത്താണ് ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരുന്നത്.
Discussion about this post