ഉള്ളിയേരി: പത്രവിതരണത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
സി പി ഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരൻ (63) ആണ് ചികിത്സയ്ക്കിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേശാഭിമാനി പത്രം ഏജൻ്റ് ആയ ദാമോദരൻ ഞായറാഴ്ച രാവിലെ പത്രം വിതരണം നടത്തുന്നതിനിടെയാണ് അപകടം.
കന്നൂര് അങ്ങാടിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ബാലുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, കർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പുഷ്പാവതി (മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം, ഉള്ളിയേരി. ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക്). മക്കൾ: ദിപിൻ (ഇന്ത്യൻ ആർമി), ദീപ്തി.
മരുമക്കൾ: പ്രിൻസ് (കൂമുള്ളി), അശ്വതി (ഒള്ളൂര്). പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. സഹോദരങ്ങൾ: ഇ എം പ്രഭാകരൻ (സി പി എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം), രാധ (കക്കഞ്ചേരി), സൗമിനി (നാറാത്ത് വെസ്റ്റ്). മൃതദേഹം കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് ശേഷം, വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
Discussion about this post