കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു. ‘സജ്‌നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് വീണ്ടെടുത്തത്. ഇതിലെ ചാറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്. ഇനി ഒരു അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൂടി വീണ്ടെടുക്കാനുണ്ട്. ഇതിന്റെ വിവരങ്ങളും ഫെയ്‌സ്ബുക്ക് അധികൃതര്‍ വൈകാതെ പോലീസിന് കൈമാറുമെന്നാണ് സൂചന.
അതേസമയം, നരബലിക്കേസിലെ തെളിവെടുപ്പ് ബുധനാഴ്ചയും തുടരും. കഴിഞ്ഞദിവസം മുഖ്യപ്രതിയായ ഷാഫിയെ കൊച്ചി ചിറ്റൂര്‍ റോഡില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പത്മയെ ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇവിടെനിന്നായിരുന്നു. ഈ സംഭവങ്ങളെല്ലാം പ്രതിയോടൊപ്പം പോലീസ് പുനരാവിഷ്‌കരിക്കുകയും ചെയ്തു.
Discussion about this post