വടകര: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി. എടച്ചേരിയിൽ പാറക്കുളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കച്ചേരിയിലെ കുറുമാടിയിൽ സന്തോഷിന്റെ മകൻ അദ്വൈത് (14) ആണ് മരിച്ചത്. ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അദ്വൈത്. അല്പസമയം മുൻപാണ് കുളത്തിനടിയിൽ നിന്ന് അദ്വൈതിൻ്റെ മൃതശരീരം കുളത്തിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
പാറക്കുളത്തിൽ മീൻ പിടിക്കാനെത്തിയ നാല് അംഗ വിദ്യാർത്ഥി സംഘത്തിലെ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചത് സമീപത്തെ പറമ്പിൽ ആടുമേക്കാൻ എത്തിയയാളാണ്. കച്ചേരിയിലെ ആഴമേറിയ പാറക്കുളത്തിൽ നിറയെ വെള്ളമുണ്ട്.
നാട്ടുകാരും ഫയർഫോഴ്സും രണ്ട് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഓക്സിജൻ ഘടിപ്പിച്ച ഉപകരണങ്ങളുമായി പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ആൻ്റ് റസ്ക്യൂ ടീമും തിരച്ചിലിൽ പങ്കാളികളായി. അപകട വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് പാറക്കുളത്തിൻ്റെ കരയിൻ തടിച്ചു കൂടിയത്.
Discussion about this post