എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സാമ്പത്തിക ആരോപണത്തിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടേയും ഇഷ്ടക്കാരുടേയും പേരില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും വി.മുരളീധരന് പറഞ്ഞു. സിപിഐഎം നേതാക്കന്മാര് ഭരണത്തിന്റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുന്നു.ഇപി ജയരാജന്റെ ഭാര്യയും മകനും ആയുര്‍വേദ റിസോര്‍ട്ടില്‍ പങ്കാളിയാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎം നേതാക്കള്‍ക്ക് ഇത്തരം സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത്.
കേരളത്തിലെ സിപിഐഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍, അവര്‍ എംഎല്‍എയോ, എംപിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സര്‍ക്കാരോ, പാര്‍ട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകള്‍ പുറത്തു വിടുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തി ഒതുക്കി തീര്‍ക്കുന്നതാണ് സിപിഐഎമ്മിന്റെ ശൈലി. വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ തക്ക അന്വേഷണത്തിന് സിപിഐഎം തയ്യാറാകണം. വിഷയം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അന്വേഷണത്തില്‍ ഒതുക്കിത്തീര്‍ക്കാതെ സത്യം ജനങ്ങളെ അറിയിക്കണമെന്നും കേന്ദ്രമന്ത്രി മുരളീധരന് ആവശ്യപ്പെട്ടു.
Discussion about this post