മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തു. രാവിലെ ആറിന് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ സംഘം അദ്ദേഹത്തെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പിന്നീട് മാലിക്കിനെ ഇഡി ഓഫീസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണ വെളിപ്പിക്കൽ കേസിലാണ് 62 കാരനായ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിന് സമീപമുള്ള പാർട്ടി ആസ്ഥാനത്ത് എൻസിപി പ്രവർത്തകർ പ്രതിഷേധിക്കുകയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസിക്കും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിൽ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസർക്കാരിനും ബിജെപി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
Discussion about this post