കോഴിക്കോട്: കോന്നാട് ബീച്ചിനെ മയക്ക് മരുന്ന് മാഫിയകളുടെ കൈകളിൽ നിന്നും മുക്തമാക്കുന്നതിനായ് പ്രദേശവാസികളായ അമ്മമാർ നടത്തിയ സമരത്തെ, ‘സദാചാര പോലീസ് ചമഞ്ഞെന്നാക്കി’ അവഹേളിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധം മയക്കുമരുന്ന് മാഫിയകളെ സഹായിക്കാനാണെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി കെ സജീവൻ പറഞ്ഞു. കോന്നാട് ബീച്ചിലെത്തി പ്രദേശത്തെ അമ്മമാരെ നേരിൽ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ചിലെത്തി മയക്കുമരുന്ന് വില്പന നടത്തി യുവതലമുറകളുടെ ഭാവി നശിപ്പിക്കുന്നവർക്കെതിരെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈയിടെ പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചു കൊടുത്തവരെ എക്സൈസ് വകുപ്പ് പരിശോധിച്ചപ്പോൾ എം ഡി എം എ ഉൾപ്പെടെ പിടിക്കപ്പെട്ടിരുന്നു. നാട്ടുകാർ ഒപ്പിട്ട് മാസ്സ് പെറ്റീഷൻ കോടുത്തതിന് പുറമെ, റസിഡൻ്റ് അസോസിയേഷനും പരാതി നല്കിയിരുന്നു. വെളളയിൽ പോലീസ് സ്റ്റേഷൻ ജാഗ്രതാ സമിതിയിലും പരാതി ഉന്നയിച്ചിരുന്നതാണ്.
ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ തദ്ദേശീയരായ ആളുകളെ തെറിവിളിക്കാനും കയ്യേറ്റം ചെയ്യാനും തുടങ്ങിയപ്പോഴാണ് പ്രതീകാത്മകമായി രക്ഷിതാക്കളായ അമ്മമാർ പ്രതികരിച്ചത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും, ലഹരിമാഫിയയ്ക്കും കുടപിടിക്കുന്ന നിലപാടാണ് ഡി വൈ എഫ് ഐ സ്വീകരിക്കുന്നത്. അഴിയൂരിലെ എട്ടാം ക്ലാസ്സുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ കേസിലും കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത് ഡി വൈ എഫ് ഐ ആയിരുന്നു. കോന്നാട് പ്രദേശത്തെ ജനങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐ പരിപാടിയിൽ പ്രാദേശികരായ ആരും പങ്കെടുത്തിട്ടില്ല. അധികൃതർ മൗനം പാലിച്ചപ്പോൾ സ്വന്തം മക്കൾക്കുവേണ്ടി പ്രതിരോധത്തിനിറങ്ങുക മാത്രമാണ് അമ്മമാർ ചെയ്തത്.
അവർ പ്രതീകാത്മകമായി ചൂൽ കയ്യിലെടുത്തതല്ലാതെ ഒരു നിയമവും കയ്യിലെടുത്തിട്ടില്ല. സാമൂഹിക വിപത്തിനെ നേരിടാൻ സന്ധദ്ധ സംഘടനകളും, രക്ഷിതാക്കളും, പോലീസും കൂട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത്. ഈ അർത്ഥത്തിൽ കോന്നാട് പ്രദേശത്തെ അമ്മമാർക്ക് പരിപുർണ്ണ പിന്തുണ നൽകുന്നതായും വി കെ സജീവൻ പറഞ്ഞു.
Discussion about this post