കാക്കനാട്: മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് യുവാവ് നാട്ടുകാരുടെ ഉറക്കംകെടുത്തി. പിന്നാലെയെത്തി കസ്റ്റഡിയിലെടുത്ത പോലീസിന് പ്രതിയെ കൂടാതെ ഇയാളില്‍നിന്ന് കഞ്ചാവും കിട്ടി. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ സ്വദേശി ആല്വിന് (23) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച അര്‍ധരാത്രി തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്-അമ്പലം റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഈ റോഡുവഴി അമിതവേഗത്തില്‍ പറന്ന ആല്‍വിന്റെ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കെ.എസ്.ഇ.ബി. പോസ്റ്റ് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റും ലൈന്‍ കമ്പികളും പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പോയി.
പോസ്റ്റില്‍ ഇടിച്ച ശബ്ദം കേട്ടാണ് പ്രദേശത്തുള്ളവര്‍ ഓടിയെത്തിയത്. യുവാവ് മദ്യലഹരിയിലാണെന്ന് മനസ്സിലായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഇരുട്ടില്‍ ‘തപ്പിയതോടെ’യാണ് കഞ്ചാവുപൊതികള്കൂടി കിട്ടിയത്.
Discussion about this post