പയ്യോളി: നഗരസഭ പ്രദേശങ്ങളിൽ പിടിമുറുക്കുന്ന മയക്കുമരുന്നുമാഫിയക്കെതിരെ നാട് ഒന്നടങ്കം കൈകോർത്തു . പ്രദേശത്തെ യുവതലമുറയെ കാർന്നുതിന്നുന്ന മഹാവിപത്തിനെതിരെ ജനജാഗ്രത സമിതി നേതൃത്വത്തിൽ പയ്യോളിയിൽ ശുചീകരണ പ്രവൃത്തിയും ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധനയും നടന്നു. ഞാറാഴ്ച രാവിലെ ഏഴുമുതൽ നഗരസഭയും പോലീസും രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക സംഘടനകളും ഒറ്റക്കെട്ടായാണ് മഹാവിപത്തിനെതിരെ അണിനിരന്നത്.
മയക്കുമരുന്നുമാഫിയക്കാരുടെ സ്ഥിരം ഒളിത്താവളങ്ങളായ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ് പരിസരങ്ങളിലെയും, ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ ജാഗ്രത സമിതി പ്രവർത്തകർ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ബീച്ച് റോഡിലെ റെയിൽവെ ഗേറ്റിന് സമീപത്തെ പഴയ ഹോട്ടൽ കെട്ടിടത്തിനുള്ളിൽ നിന്ന് ഉപയോഗിച്ച സിറിഞ്ചുകൾ, ഗുളികകൾ, മരുന്നു കുപ്പികൾ തുടങ്ങിയവ കണ്ടെത്തി.
കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന റെയിൽവെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ, പണിതീരാത്ത സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെയർമാൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തകർ ഊർജ്ജിത പരിശോധനയാണ് നടത്തിയത്. ഇവിടെങ്ങളിലൊക്കെ ഉപയോഗിച്ച സിറിഞ്ചുകളും മദ്യകുപ്പികളും നിറഞ്ഞിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. സമിതി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു . പയ്യോളി സി ഐ കെ സി സുഭാഷ് ബാബു, നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, എ പി റസാഖ്, മഠത്തിൽ അബ്ദുറഹ്മാൻ, പി എം ഹരിദാസ്, കൺവീനർ കുനിയിൽ വേണു, കെ ടി സിന്ധു, ബഷീർ മേലടി, എം സമദ് എന്നിവർ പ്രസംഗിച്ചു. നിസാർ പയലൻ, എസ് എം എ ബാസിത്, വടക്കയിൽ ബിജു, റഹീസ് , ഷംസു സൂപ്പർ, മോഹനൻ, വടക്കയിൽ മൊയ്തീൻ, ജയേഷ് ഗായത്രി, എ വി സക്കറിയ, എ വി അശ്വിൻ, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ ജാഗ്രത സമിതിയുടെ പ്രവർത്തനം വിപുലമാക്കുമെന്നും മയക്കുമരുന്ന് ഉപയോഗക്കാരെയും വിൽപനക്കാരെയും കൈയ്യോടെ പിടികൂടി, പോലീസ് – എക്സൈസ് വിഭാഗവുമായി സഹകരിച്ച് സ്ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Discussion about this post