
കോഴിക്കോട്: നഗരത്തിൽ രണ്ടിടങ്ങളിലായി വീണ്ടും മയക്കുമരുന്ന് വേട്ട. നല്ലളം, പുത്തൂർ സ്വദേശികളായ യുവാക്കളെയാണ് മിന്നൽ പരിശോധനയിൽ പിടികൂടിയത്. കോഴിക്കോട് താലൂക്കിൽ ചെറുവണ്ണൂർ വില്ലേജ് നല്ലളം ദേശത്ത് തെക്കേപ്പാടം സികെ ഹൗസിൽ ഷാക്കിൽ (29), പുതിയങ്ങാടി വില്ലേജിൽ പുത്തൂർ ഗിൽഗാൻ ഹൗസിൽ നൈജൽ റിക്സ് (29) എന്നിവരെയാണ് മാരക മയക്കുമരുന്നുകളുമായി പിടികൂടിയത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് യുവാക്കൾ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലായത്.



കോഴിക്കോട് കൊളത്തറയിൽ വച്ചാണ് 14 ഗ്രാം എം ഡി എം എ യുമായി ഷാക്കിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് എൻ ഡി പി എസ് കേസെടുത്ത് പ്രതിയെ ജെ എഫ് സി എം -5 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കമേഴ്സ്യൽ ക്വാണ്ടിറ്റി കേസാണിത്. പിടിച്ചെടുത്ത എം ഡി എം എക്ക് വിപണിയിൽ രണ്ടുലക്ഷത്തോളം രൂപ വില വരും.

നഗരത്തിൽ ഇരുചക്രവാഹനത്തിൽ മാവൂർ റോഡിൽ വെച്ച്, 70 ഗ്രാം ഹാഷിഷുമായാണ് നൈജൽ റിക്സിനെ അറസ്റ്റ് ചെയ്തത്. എൻ ഡി പി എസ് കേസെടുത്ത പ്രതിയെ ജെ എഫ് സി എം -3 കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഇയാൾ വില്പനയ്ക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഹാഷിഷിന് ഇന്ന് വിപണിയിൽ അര ലക്ഷത്തോളം രൂപ വിലവരും. പ്രതിയുടെ പേരിൽ നേരത്തേയും മയക്കുമരുന്ന് കേസ് എടുത്തിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ഉറവിടം ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളാണെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചനകളും ലഭിച്ചിട്ടുണ്ട്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹകരണത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇന്നലെ രാവിലെ ഉത്തരമേഖല എക്സൈസ് കമ്മീഷണർ

സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ സ്റ്റേഷന് സമീപം വെച്ച് രണ്ടുപേരെ എം ഡി എം എ യുമായി പിടികൂടിയിരുന്നു. കൊളത്തറ സ്വദേശി അജുൽ ഫർഹാൻ, ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീൽ എന്നിവരെ 2.5 ഗ്രാം എം ഡി എം എ യുമായാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ ഐ 10 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് മേധാവി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത് ബാബു, ഇൻ്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ എ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടി, ഇൻറലിജൻസ് വിഭാഗം, ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് എന്നിവയുടെ

നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പ്രിവൻ്റീവ് ഓഫീസർ സജീവൻ, അനിൽ ദത്ത്, ഹാരിസ്, ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അർജുൻ വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജീഷ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ, ദിലീപ് കുമാർ, വിനു, സുരാഗ്, സതീഷ്, ഷാജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Discussion about this post