പയ്യോളി: ഓട്ടത്തിനിടയിൽ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. ബസ് വശം ചേർത്ത് നിർത്തിയതോടെ ഡ്രൈവർ കുഴഞ്ഞു വീണു.
വടകര സ്വദേശി രാജനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീണത്. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ പയ്യോളി ബസ് സ്റ്റാൻ്റിന് സമീപമാണ് സംഭവം.
കോഴിക്കോട് നിന്നും വടകരയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസ്സിലെ ഡ്രൈവർക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ദേശീയ സർവീസ് റോഡിൽ പയ്യോളി പോലീസ് സ്റ്റേഷന് സമീപമെത്തിയതോടെ പ്രയാസമനുഭവപ്പെട്ട രാജൻ, പയ്യോളി ബസ് സ്റ്റാൻ്റിൽ ബസ് എത്തിക്കുന്നതിനായാണ് ശ്രമിച്ചത്. എന്നാൽ, സ്റ്റാൻ്റിൽ കയറുന്നതിന് മുമ്പേ, എസ് ബി ഐ ബാങ്കിനടുത്തെത്തിയപ്പോഴേക്കും അസ്വാസ്ഥ്യം വർദ്ധിച്ചു. ഉടൻ, ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ ബസ് റോഡിന് വശത്തേക്ക് കയറ്റി നിർത്തുകയായിരുന്നു.
തുടർന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതോടെ കുഴഞ്ഞു വീണു. ബസിലെ മറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഡ്രൈവറെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ടിക്കറ്റ് റീഫണ്ട് ചെയ്ത് യാത്രികരെ മറ്റു ബസ്സുകളിൽ കയറ്റി വിട്ടു.
Discussion about this post