
ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ഇവാനയെ കുറിച്ചുള്ള നല്ല വാക്കുകളും അദ്ദേഹം പങ്കുവച്ചു. എന്നാൽ മരണകാരണം വെളിപ്പെടുത്തിയില്ല.

ചെക്ക് റിപ്പബ്ലിക്കൻ മോഡലായിരുന്ന ഇവാന സെൽനിക്കോവ 1977-ലാണ് ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ ഡോണൾഡ് ജൂനിയർ, ഇവാങ്ക, എറിക് എന്നീ മൂന്നു കുട്ടികളുണ്ടായി. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 1992ൽ അവർ വിവാഹമോചനം നേടി. ഇവാനയെ പിരിഞ്ഞതിനുശേഷം മോഡൽ മാര്ലാ മേപ്പിള്സിനെയാണ് ട്രംപ് വിവാഹം ചെയ്തത്.

ട്രംപുമായി പിരിഞ്ഞതിനുശേഷം ഇവാന രണ്ടു തവണ കൂടി വിവാഹിതയായി. രണ്ടാം വിവാഹം 1995ൽ ഇറ്റാലിയൻ വ്യവസായിയായ റിക്കാർഡോ മസൂച്ചെല്ലിയുമായി നടന്നു. 1997ൽ ഇവർ വേർപിരിഞ്ഞു. 2008 ഇറ്റാലിയൻ നടൻ റോസാനോ റൂബിക്കോണ്ടിയുമായി മൂന്നാം വിവാഹം. ഈ ബന്ധം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ.

തന്റെ ഓർമ്മക്കുറിപ്പായ “റെയ്സിംഗ് ട്രംപ്’ എന്ന പുസ്തകത്തിൽ ഇവാന സ്വന്തം അനുഭവങ്ങൾ വിവരിച്ചിരുന്നു. ട്രംപുമായുള്ള നീണ്ട കാലത്തെ ദാമ്പത്യവും അതു തകരാനുണ്ടായ കാരണവും തുടര്ന്നുള്ള സംഭവങ്ങളുമായിരുന്നു 2017ൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കം. ട്രംപ് പ്രസിഡന്റായപ്പോൾ ‘ഗുഡ് മോണിംഗ് അമേരിക്ക’ എന്ന ടിവി പരിപാടിയിൽ ഇവാന നടത്തിയ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു.

“ട്രംപിന്റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോൾ താൻ തന്നെയാണ് പ്രഥമവനിത’- എന്നായിരുന്നു ഇവാനിയയുടെ വാക്കുകൾ. വിവാഹമോചനത്തിന് ശേഷം ട്രംപുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും ആഴ്ചയിലൊരിക്കൽ താൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ടെന്നും അവർ എഴുതിയിരുന്നു






































Discussion about this post