തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് എം.ആർ. അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാമിന്റെ നിയമനം.
ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല നൽകി. വിജിലൻസ് ഡയറക്റ്റർ സ്ഥാനത്തുനിന്ന് നീക്കിയ എം.ആർ. അജിത് കുമാർ പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സ് എഡിജിപിയാകും. ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയും അദ്ദേഹത്തിനാണ്. എസ്സി ആർബി എഡിജിപിയായിരുന്ന യോഗേഷ് ഗുപ്ത ബവ്റിജസ് കോർപറേഷൻ എംഡിയായും നിയമിതനായി.
സെക്യൂരിറ്റി ഐജിയായ തുമല വിക്രമിനെ നോർത്ത് ഐജിയായും നോർത്ത് ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും മാറ്റി നിയമിച്ചു. ബെവ്കോ എംഡിയായ എസ്. ശ്യാംസുന്ദറിനെ ക്രൈം ബ്രാഞ്ച് ഡിഐജിയായി മാറ്റിനിയമിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന എ. ശ്രീനിവാസിനെ സ്പെഷ്യൽ ബ്രാഞ്ച് സെക്യൂരിറ്റിയിലേക്ക് മാറ്റി. എറണാകുളം റൂറൽ പൊലീസ് മേധാവിയായിരുന്ന കെ. കാർത്തികിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയാക്കി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ടി. നാരായണനെ പൊലീസ് ആസ്ഥാനത്തെ എഐജിയാക്കി. മെറിൻ ജോസഫാണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. ഇടുക്കി പൊലീസ് മേധാവിയായിരുന്ന ആർ. കറുപ്പുസ്വാമിയാണ് പുതിയ കോഴിക്കോട് റൂറൽ പൊലീസ് മേധാവി. വയനാട് പൊലീസ് മേധാവിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാല് ബറ്റാലിയൻ കമാൻഡന്റായി മാറ്റി നിയമിച്ചു. കോട്ടയം എസ്പി ഡി. ശിൽപയെ വനിതാ സെല്ലിന്റെ എസ്പിയായി മാറ്റി. വനിതാ ബറ്റാലിയൻ കമാന്റന്റിന്റെ ചുമതലയും ഇവർ നിർവഹിക്കും.
പൊലീസ് ആസ്ഥാനത്തെ എഐജിയായിരുന്ന ആർ. ആനന്ദാണ് വയനാട് ജില്ലാ പൊലീസ് മേധാവി. കെഎപി നാല് ബറ്റാലിയൻ കമാന്റന്റായിരുന്ന വിവേക് കുമാറാണ് എറണാകുളം റൂറൽ പൊലീസ് മേധാവി. കൊച്ചി സിറ്റി ഡിസിപിയായിരുന്ന വി.യു. കുര്യാക്കോസിനെ ഇടുക്കി പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. തലശേരി എഎസ്പിയായിരുന്ന ടി.കെ. വിഷ്ണുപ്രദീപിനെ പേരാമ്പ്ര എഎസ്പിയായി മാറ്റി. പാലാ എഎസ്പിയായിരുന്ന നിതിൻ രാജാണ് തലശേരിയിലെ പുതിയ എഎസ്പി.
Discussion about this post