“കോൺട്രാക്ടർക്കെന്താ കൃഷിയിൽ കാര്യം” എന്ന് ചോദിക്കുന്നവരോട് തുറയൂരിലെ മഠത്തിൽത്തിൽ ദിനേശന് പറയാനേറെയുണ്ട്. എങ്കിലും ഒറ്റവാചകത്തിൽ ഇതാണദ്ദേഹത്തിൻ്റെ മറുപടി. “പുതിയ തലമുറയ്ക്ക് അന്യം നിന്നുപോകുന്ന കാർഷിക സംസ്കാരത്തെ തിരികയെത്തിക്കുകയെന്ന സന്ദേശമാണ് ഞാനെൻ്റെ പ്രവൃത്തിയിലൂടെ നൽകുന്നത്…”

കൃഷിയിലേക്കുള്ള യാത്രയിൽ, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒരുപാടെതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒടുക്കം ഭ്രാന്താണെന്ന് പോലും പറഞ്ഞവരുണ്ട്. അവരൊക്കെയിപ്പോൾ തിരിച്ചു പറയാൻ തുടങ്ങി. കൃഷിയൊരു മോശം പണിയല്ലെന്ന് എതിർപ്പുകളുയർത്തിയവർക്കും ബോധ്യമായി. അല്ലെങ്കിൽ അങ്ങിനെ മാറ്റിയെടുക്കാൻ പി ഡബ്ല്യൂ ഡി കോൺട്രാക്ടർ ആയ ദിനേശന് കഴിഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ദിനേശന് തൻ്റെ പൂർവികർ, അച്ഛനുമമ്മയും വെട്ടിയ വഴിയിലേക്കിറങ്ങണമെന്ന ചിന്തയുണ്ടായത്. പിന്നെ, കൂടുതലൊന്നും ആലോചിക്കാനദ്ദേഹം തയ്യാറായില്ല. തുറയൂർ കുന്നംവയലാണ് തൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന് പറ്റിയ മണ്ണെന്ന് കണ്ടെത്തി. തരിശായിട്ട കൃഷിഭൂമി. പലരുടെയും ഉടമസ്തതയിലുണ്ടായിരുന്ന കുന്നം വയൽ ഉടമസ്തരെ കണ്ട് പാട്ടത്തിനെടുത്തു. കുന്നം വയലും കറുകവയലും ചേർന്ന് 12 ഏക്കർ ഭൂമി കൃഷിക്കായി സ്വന്തമാക്കി. വയനാട് സ്വദേശിയായ, കൃഷി വകുപ്പിൽ മെഷിനറി വിഭാഗത്തിൽ ജോലി ചെയ്യുന്ന രമേശൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അങ്ങിനെ, തൻ്റെ മാറിൽ നിറവിളവ് നൽകുന്ന കൃഷിയെ സ്വപ്നം കണ്ട്, ‘ദു:ഖിതയായ കുന്നം വയലിനെ’, കൃഷിക്ക് പാകമായ രീതിയിൽ നില മൊരുക്കി സന്തോഷവതിയാക്കി. കൃഷിയാരംഭിച്ചു. മകരകൃഷിക്കാണ് തുടക്കമിട്ടത്. കർഷകത്തൊഴിലാളികളുടെ ലഭ്യതകുറവ് ബുദ്ധിമുട്ടിച്ചെങ്കിലും കർഷരായ സുനിലും കമലയും, അങ്ങിനെ ചിലരും സഹായിച്ചു. ആദ്യ വർഷം കാര്യമായ വിളവ് ലഭിച്ചില്ലെങ്കിലും രണ്ടാം വർഷം അത്ഭുതപ്പെടുത്തുന്ന വിളവാണ് ലഭിച്ചത്. ആ സന്തോഷം ദിനേശൻ പ്രകടമാക്കിയത്, കിട്ടിയ വിളവിൽ ഭൂരിഭാഗവും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽ വീട്ടുകാർക്കും സൗജന്യമായി വിതരണം ചെയ്തുകൊണ്ടായിരുന്നു.അതോടെ തന്നെ പരിഹസിച്ചവരുടെ ചിന്തകളെ പാടെ പിഴുതുകളയാൻ ദിനേശന് കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാം വർഷത്തെ വിളവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു.

നിലമൊരുക്കുന്നതും കൊയ്യുന്നതും മെതിക്കുന്നതും, പുല്ല് കെട്ടുന്നതുമൊക്കെ യന്ത്രസഹായത്തോടെയാണ്. നെല്ല് സപ്ലൈക്കോ വാങ്ങുമെന്നറിയിച്ചിട്ടുണ്ട്. അതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാവരും പറയുന്നതുപോലെ ആവശ്യത്തിന് പണിക്കാരെ കിട്ടുന്നില്ലെന്നത് യാഥാർഥ്യമാണെങ്കിലും ആധുനിക കാലത്ത് യന്ത്രങ്ങളുടെ സഹായം തേടാമല്ലോയെന്നാണ് ദിനേശൻ്റെ അഭിപ്രായം.
പന്ത്രണ്ട് ഏക്കറിൽ കൃഷി ചെയ്യുന്നതിന് ഒന്നര ലക്ഷം രൂപയാണ് ചിലവ് വന്നത്. നെല്ലും പുല്ലുമൊക്കെയായി മുടക്കുമുതൽ മാത്രമല്ല അതിലേറെ, ദിനേശന് തിരികെ കൊടുത്തിട്ടുണ്ട്, കുന്നം വയൽ. ഇന്ന് സന്തോഷവാനാണ് ദിനേശൻ.
കോൺട്രാക്ടർ ജോലി നൽകുന്ന പിരിമുറുക്കം ഇല്ലാതാക്കാൻ കുന്നം വയലിൻ്റെ പച്ചപ്പിലേക്കൊന്നൂളിയിട്ടാൽ മതി. വയലിലൂടൊന്ന് നടന്ന് ഇലകളിലൊന്ന് തലോടി, ഇടയിലുള്ള കളകളെ പിഴുതെറിഞ്ഞ് കരയിലേക്ക് കയറുമ്പോഴേക്കും ഒരു പുത്തൻ ഊർജ്ജമാണ് ലഭിക്കുകയെന്ന് ദിനേശൻ പറയുന്നു.

കൃഷിയെ സ്നേഹിക്കുന്ന തലമുറകളാണ് ഉണ്ടാവേണ്ടത്. കൃഷി ഒരിക്കലും ഒരു നഷ്ടക്കച്ചവടമല്ല. കർഷകനെന്ന നിലയിൽ സുഭിക്ഷമായും ആഡംഭരത്തോടെയും ജീവിക്കാൻ കൃഷി കൊണ്ട് മാത്രം കഴിയും. ഇത് തൻ്റെ അനുഭവസാക്ഷ്യമാണെന്ന് ദിനേശൻ പറയുന്നു. മണ്ണിനെ അടുത്തറിഞ്ഞ്, സ്നേഹിച്ച്, ആവശ്യമായ പരിചരണങ്ങൾ നൽകിയാൽ മണ്ണ് നമ്മളെയും സ്നേഹിക്കും. സ്നേഹമായി നൂറുമേനി വിളവ് തരും. തരിശ് പാടത്തിൽ നൂറ് മേനി വിളവെടുത്ത പത്തരമാറ്റിൻ്റെ തിളക്കമുള്ള കോൺട്രാക്ടർ പറഞ്ഞു നിർത്തി.
എല്ലാ സഹായവുമായി ഭാര്യ വിജിലയും മക്കളായ നന്ദനയും ദേവ നന്ദയും ദിനേശനോടൊപ്പമുണ്ട്.
ചിത്രങ്ങൾ : രാമകൃഷ്ണൻ തുറയൂർ ഇമേജ് സ്റ്റുഡിയോ
തയ്യാറാക്കിയത്: പ്രകാശ് പയ്യോളി


































Discussion about this post