കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്. പാസ്പോർട്ട് ഹാജരാക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്‍റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു.
ദിലീപിൻ്റെ സഹോദരൻ അനൂപിന്‍റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
Discussion about this post