കൊച്ചി: തന്റെ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജാരാക്കില്ലെന്ന് നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനോടും കൂട്ടുപ്രതികളോടും പഴയ ഫോണുകൾ ഹാജരാക്കണമെന്ന് കാട്ടി അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് മൂന്ന് മണിക്ക് മുമ്പ് കൈമാറണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്‌ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നാണ് ദിലീപിന്റെ വിശദീകരണം. അതിന് ശേഷം കോടതിയിൽ ഹാജരാക്കിയേക്കും.
ദിലീപിന്റെയും അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാല് ഫോണുകൾ, സുരാജിന്റെ ഒരു ഫോൺ എന്നിവ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഇവ പക്ഷേ മുമ്പ് ഉപയോഗിച്ചിരുന്നവ ആയിരുന്നില്ല. ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്.
മൊബൈൽ മാറ്റിയതിനെ കുറിച്ച് ആരാഞ്ഞിരുന്നെങ്കിലും വ്യക്തമായ ഉത്തരം ഇവരാരും നൽകിയിരുന്നില്ല. തുടർന്നാണ്, മൊബൈലുകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയത്. മൂവരുടെയും ഒരുവർഷത്തെ ഫോൺകോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
Discussion about this post