കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം തള്ളി സുപ്രിംകോടതി. വിചാരണ സമയം നീട്ടി നൽകാനാവില്ല. കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതായ് സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ പറയുന്നു.
അതേസമയം സർക്കാർ നിലപാടിനെ എതിർത്ത് ദിലിപ് സുപ്രിംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് മുൻ വിധിയോടെയുള്ള അന്വേഷണമാണെന്ന് ദിലീപിന്റെ സത്യവാങ്മൂലം ആരോപിക്കുന്നു. ബാലചന്ദ്രകുമാർ പൊലീസ് സ്യഷ്ടിച്ച സാക്ഷിയാണ്. ഇയാൾ പറയുന്നത് എല്ലാം കളവണെന്നും ദിലിപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ, അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക മൊഴി ലഭിച്ചു. ദിലീപിനെതിരെ പുതിയ സാക്ഷിയെത്തി. ദീലിപിൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേർത്തല സ്വദേശിയാണ് ദിലീപിനെതിരെ പുതിയ മൊഴി രേഖപ്പെടുത്തിയത്. മൊഴി നൽകിയെന്ന് സാക്ഷി 24 ന്യൂസിനോട് സ്ഥിരീകരിച്ചു.
അതേസമയം, നടൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും.
Discussion about this post