കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്താൻ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം നല്കി. വ്യാജ തെളിവുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും കോടതിയെ അറിയിച്ചു. പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും അംഗീകരിക്കാനാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ഭാര്യ കാവ്യ,സഹോദരൻ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് മൂന്ന് മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.അതേസമയം, അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസ് റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നു ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post