കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി പിന്നീട്. ദിലീപിനെ മൂന്ന് ദിവസം രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ ചോദ്യം ചെയ്യാം. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്ച അറിയിക്കണം. ഡി ജി പി ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. തെളിവുകളിൽ പലതും അസ്വസ്ഥമാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.ക്രിമിനൽ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകൾ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണം. സാക്ഷികളെ സ്വാധീനിച്ചില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തന്നെ പ്രസക്തി ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അല്ലാതെ ചോദ്യം ചെയ്താൽ പ്രതികൾ ഒത്തുകൂടി, അടുത്ത ദിവസം എന്ത് പറയണമെന്ന് പ്ലാൻ ചെയ്യുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി സഹകരിക്കാമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണിതെന്നുമായിരുന്നു നടന്റെ വാദം.
Discussion about this post