കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രതികൾ മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഹാജരാക്കിയ ആറ് ഫോണുകൾ പരിശോധിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈം ബ്രാഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. കേസിൽ ജനുവരി പത്തിനാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും, അന്വേഷണത്തോട് സഹകരിച്ചുവെന്നുമാണ് പ്രതികളുടെ വാദം.
Discussion about this post