കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഡാലോചന കേസിൽ ദിലീപ് ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ശബ്ദസാംപിള്‍ ശേഖരിച്ചു. ഇന്ന് 11ഓടെ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവര്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദം റെക്കോർഡ് ചെയ്‌തതിനു ശേഷം സാംപിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്ചയ്ക്കുള്ള പരിശോധന ഫലം ലഭിക്കും.
ഓഡിയോ ക്ലിപ്പിലുള്ള ശബ്ദം തന്റേത് തന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകളാണെന്നാണ് ദിലീപിന്‍റെ വാദം. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസില്‍ ഇന്നലെ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതു കോടതിയില്‍ സ്ഥിരീകരിക്കാനായ സാഹചര്യത്തില്‍ കേസ് റദ്ദാക്കാനും സാധിക്കുമെന്നാണ് ദിലീപിന്‍റെ കണക്കുകൂട്ടൽ.
Discussion about this post