കൊച്ചി: തന്റെ കൈയില്‍ നിന്നും ഭീഷണിപ്പെടുത്തി സംവിധായകന് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ വാങ്ങിയെടുത്തെന്ന് നടന് ദിലീപ്. ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് നടന് ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ താന്‍ അറസ്റ്റിലായ ജയിലില്‍ കിടന്നപ്പോള്‍ ബാലചന്ദ്രകുമാറും തന്നെ കാണാന്‍ എത്തിയിരുന്നു. അദ്ദേഹവുമായി മുന്‍ പരിചയമുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം വീണ്ടും കാണാന്‍ വന്നു. തന്റെ ഭാര്യയ്ക്ക് പരിചയമുള്ള നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം നല്‍കണമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ജാമ്യം റദ്ദാക്കിക്കാന്‍ സാധിക്കുമെന്ന് ഭീഷണി മുഴക്കി. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാതിരുന്നതും ബന്ധം മോശമാക്കിയെന്നാണ് താരത്തിന്റെ വാദം. താനും ബാലചന്ദ്രകുമാറുമായുള്ള ഫോണ്‍ ചാറ്റുകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തതായും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post