ചെന്നൈ: പിതൃത്വ അവകാശക്കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കതിരേശന്‍റെ അവകാശവാദത്തെ നിഷേധിച്ച് ധനുഷ് സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന ഹര്‍ജി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാടുവിട്ട് പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്റെയും ഭാര്യയുടെയും വാദം. മകനാണെന്ന് തെളിയിക്കുന്ന ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്തിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
തുടര്‍ന്ന് സംവിധായകന്‍ കസ്തൂരിരാജയുടെ മകനാണ് താനെന്ന് തെളിയിക്കുന്ന രേഖകള്‍ ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന്‍ ആരോപിക്കുന്നത്.
Discussion about this post