ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകാൻ ലക്ഷ്യമിട്ട് നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ പോന്ന നീക്കങ്ങളാണ് ദേശീയ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്.
വിജയ്‍യുടെ ജനപ്രീതി വോട്ടാക്കി മാറ്റാൻ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.സഖ്യത്തിന്റെ ഭാഗമായാൽ വിജയ്‍ക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. സീറ്റ് വിഭജന ചർച്ചകളിൽ ടിവികെയ്ക്കായി 80 സീറ്റുകൾ വരെ ബിജെപി നീക്കിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ ഒന്നിനും വിജയ് തയ്യാറല്ലെന്ന നിലപാടാണ് ചർച്ചകളെ സങ്കീർണ്ണമാക്കുന്നത്. തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ ഭരണത്തലവനാകണമെന്ന വാശിയിലാണ് വിജയ് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ തർക്കം പരിഹരിക്കാനാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ആണ് ബിജെപിക്കായി വിജയ്‍യുമായി ചർച്ചകൾ ഏകോപിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു പ്രധാന വിവരം. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ പവൻ കല്യാണിന് വിജയ്‍യുമായുള്ള വ്യക്തിപരമായ സൗഹൃദം ചർച്ചകളിൽ ഗുണകരമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എൻഡിഎ സഖ്യത്തിലേക്ക് വിജയ്‍യെ എത്തിക്കാൻ പവൻ കല്യാൺ നടത്തുന്ന നീക്കങ്ങൾ വരും ദിവസങ്ങളിൽ നിർണായകമാകും.




































Discussion about this post