ന്യൂഡൽഹി: റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
‘കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം നൽകാൻ കഴിയുമോ?’-ചീഫ് ജസ്റ്റിസ് ചോദിച്ചു. കോടതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്ന തരത്തിൽ ചില വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതായും,ജനങ്ങൾ ഇക്കാര്യത്തിൽ യുക്തിപൂർവം അഭിപ്രായ പ്രകടനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു . സർക്കാർ ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. സംവിധാനങ്ങൾ ഫലപ്രധമായി ഉപയോഗിക്കാൻ എജിയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം വിജയകരമായി തുടരുകയാണെന്നും. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ ബാക്കിയുള്ള ഇന്ത്യാക്കാരെ ഉടൻ തിരികെ കൊണ്ടുവരുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്ര മന്ത്രിമാരെ നിയോഗിച്ചതായി എജിയും വ്യക്തമാക്കി.




































Discussion about this post