ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിൽ, കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിച്ചു. യുവതിയെ വീട്ടില്‍നിന്ന് സ്ത്രീകള്‍ ബലമായി പിടിച്ചു കൊണ്ടുപോകുകയും മുടി മുറിക്കുകയും ചെയ്തു. തുടർന്ന് മുഖത്ത് കരിഓയില്‍ ഒഴിച്ച് ആക്രമിച്ചു. ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദിക്കുന്നതിന്‍റെയും ബഹളമുണ്ടാക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.യുവതിയെ മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. സത്യസുന്ദരം പറഞ്ഞു.
Discussion about this post