ന്യൂഡല്‍ഹി: ഡല്‍ഹി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. പരിക്കേറ്റ പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതിലേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പറയുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി. പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള നാലുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്.
ഒന്നാം നിലയിലെ സി സി ടി വി നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്നിബാധ. വൈകീട്ട് നാലേമുക്കാലിനുണ്ടായ അഗ്‌നിബാധ രാത്രി 11 മണിയോടെയാണ് അണയ്ക്കാനായത്. കെട്ടിടത്തില്‍ ഇരുപതിലേറെ സ്വകാര്യകമ്ബനി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അപകടം ഉണ്ടായ സമയത്ത് കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാന്‍ പോറന്‍സിക് പരിശോധന നടത്തും. തീപടിച്ച കെട്ടിടത്തിന് കൃത്യമായ അനുമതിയുണ്ടായിരുന്നില്ലെന്ന് അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു. കെട്ടിട ഉടമ ഒളിവിലാണ്. തീ പടര്‍ന്ന സിസിടിവി നിര്‍മ്മാണ കമ്ബനി ഉടമകളായ വരുണ്‍ ഗോയല്‍, സതീഷ് ഗോയല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.
കെട്ടിടത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ്. മനീഷ് ലക്രയെന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല. ഉടമയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡിസിപി സമീര്‍ ശര്‍മ്മ.
Discussion about this post