മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ചത് താന്‍ തന്നെയെന്ന് പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍. തനിക്ക് പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചുവെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ അത് അവസാനിപ്പിക്കാന്‍ പറഞ്ഞതാണെന്നും നൗഫല്‍ പറയുന്നത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഒരു സുഹൃത്തില്‍ നിന്നാണ് സ്വപ്നയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും വാഹന കച്ചവടക്കാരനായ നൗഫല്‍ വിശദീകരിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വര്‍ണക്കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു.
”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു.
മകനാണ് ആദ്യത്തെ ഫോണ്‍ കോളെടുത്തിരുന്നത്. ആ കോളില്‍ കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു.
Discussion about this post