പയ്യോളി: തിക്കോടി പള്ളിക്കര സഹദിൻ്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. തിക്കോടി സ്വദേശികളായ ഷൈജൻ, അലി, ഇസ്മയിൽ എന്നിവരെയാണ് ഇന്നലെ രാത്രി നടത്തിയ തിരച്ചിലിൽ പോലീസ് പിടികൂടിയത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമാവാൻ സാധ്യതയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ സംശയം പ്രകടിപ്പിച്ചതായി അറിയുന്നു.
സംഘർഷത്തിൽ താഴെ വീണപ്പോഴുണ്ടായതാണോ, അതോ മർദ്ദനമേറ്റാണോ ക്ഷതമേറ്റത് എന്ന് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
പള്ളിക്കര കുനിയക്കുളങ്ങര സഹദ് (45) ആണ് ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചത്.
പെരുമാൾപുരത്ത് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അടുത്തുള്ള തട്ടുകടയ്ക്ക് മുന്നിൽ വെച്ച് ഒരു സംഘം സഹദിൻ്റെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റ് അവശനിലയിലായ ഇയാളെ ആദ്യം കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
Discussion about this post