പയ്യോളി: ദേശീയ പാതയിലൂടെ പയ്യോളി ടൗണിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന കാൽനട, വാഹന യാത്രികർ ശ്രദ്ധിക്കുക!. ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ, ജീവന് ഭീഷണിയായി പകുതി പൊളിച്ച കെട്ടിടമുണ്ട്. കനത്ത മഴയോ, ശക്തമായോ കാറ്റോ വന്നാൽ കെട്ടിടം നിലംപൊത്തിയേക്കാം. ജാഗ്രത കൈവെടിയാതിരിക്കുക.

പയ്യോളി ടൗണിൽ നിന്ന് വടക്കു മാറിയുള്ള, പഴയ കെ ഡി സി ബാങ്ക് കെട്ടിടമാണ് ജനങ്ങളുടെ ജീവന് ഭീഷണിയാവുന്നത്. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിൻ്റെ ഭാഗമായാണ് പയ്യോളിയിലും പ്രവൃത്തി തുടങ്ങിയത്. മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ വളരെ പെട്ടെന്ന് പൊളിച്ചടുക്കി ദേശീയപാത നിർമാണപ്രവൃത്തി അതിവേഗം മുന്നേറുകയാണ്. അതിനിടെയാണ് പൊളിച്ചുതുടങ്ങിയ കെട്ടിടം അപകടാവസ്ഥയിലായത്.

ഈ മാസം 19 ന് രാത്രിയാണ് പൊളിച്ചുതുടങ്ങിയത്. ആസൂത്രണമില്ലായ്മയോ അറിവില്ലായ്മയോ കാരണം, തൊഴിലാളികൾ താഴെ നിന്നാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. പകുതി ഭാഗം പൊളിച്ച് കഴിഞ്ഞപ്പോഴാണ് ഇവർക്ക് അപകടം മനസ്സിലായത്. ഏത് നിമിഷവും നിലം പതിക്കാമെന്നായതോടെ തൊഴിലാളികൾ പണി നിർത്തുകയായിരുന്നു. പിന്നീട്, മുകൾഭാഗം പൊളിക്കാനുള്ള ശ്രമം നടത്തിയപ്പോൾ കെട്ടിടത്തിന് ഇളക്കമുള്ളതായി കണ്ടെത്തി ജോലി നിർത്തിവെക്കുകയായിരുന്നു.

കെട്ടിടം പൊളിക്കുന്നത് തുടർന്നാലത് അപകടത്തിനുള്ള കാരണമായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്. മുൻ ഭാഗത്തെ പില്ലറുകളും ചുമരും തകർത്തതിനാൽ കെട്ടിടം ദേശീയ പാതയിലേക്കാവും തകർന്നു വീഴുക. ഇത് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കും. വാഹനത്തിലായും കാൽനടയാത്രയായും നിരവധി പേർ ഇതുവഴി കടന്നു പോകാറുണ്ട്. അതു കൊണ്ട് തന്നെ ജീവാപായം വരെ സംഭവിക്കാമെന്നും ഇവർ പറയുന്നു. രാത്രി സമയത്ത് കുറച്ചു

മണിക്കൂറുകളെങ്കിലും ദേശീയപാതയടച്ചതിന് ശേഷം കെട്ടിടം പൊളിക്കുകുന്നതാവും സുരക്ഷിതമെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.

Discussion about this post