തിരുവനന്തപുരം: ഞായറാഴ്ചയോടെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നും പ്രവചനം.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച ‘അസാനി’ എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ, സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കിയിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുളളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Discussion about this post