കോഴിക്കോട്; ലോകകപ്പിന്റെ ആരവങ്ങള്‍ കഴിഞ്ഞതോടെ കട്ടൗട്ടുകള്‍ അഴിച്ച് മാറ്റാനൊരുങ്ങി കോഴിക്കോട് പുളളാവൂരിലെ ഫുട്ബോള്‍ ആരാധകര്‍. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട പുളളാവൂരിലെ കട്ടൗട്ടുകളാണ് കൊടുവള്ളി നഗരസഭയുടെ നിര്‍ദേശ പ്രകാരം അഴിച്ചുമാറ്റുന്നത്.മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടാണ് പുള്ളാവൂരിലെ ആരാധകര്‍ ചെറുപുഴയില്‍
വെച്ചത്. ലോകകപ്പിന് ഒരു മാസം മുന്‍പ് തന്നെ ഉയര്‍ന്ന ഈ കട്ടൗട്ടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീന കിരീടം നേടിയതിന് പിന്നാലെ വലിയ ആഘോഷത്തിലും ആവേശത്തിലുമാണ് പ്രദേശത്തെ അര്‍ജന്റീന ആരാധകര്‍. പുള്ളാവൂരില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട കട്ടൗട്ടും അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയുടേതായിരുന്നു. മെസ്സിയുടെ കട്ടൗട്ടാണ് ആദ്യം അഴിച്ച് മാറ്റുന്നതും.മാധ്യമങ്ങളില്‍ മെസ്സിയുടെ
കട്ടൗട്ടിനെക്കുറിച്ച് വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാള്‍ ഉയരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കട്ടൗട്ടും ഉയര്‍ന്നിരുന്നു. രാത്രിയും കാണാന്‍ ലൈറ്റ് സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചു. ഈ കട്ടൗട്ടുകളും വൈകാതെ അഴിച്ച് മാറ്റും.പുഴയുടെ സ്വാഭാവിക
ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് കട്ടൗട്ടുകള്‍ വിവാദത്തിലായിരുന്നു. കട്ടൗട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് ശ്രീജിത് പെരുമന പഞ്ചായത്തില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തിരുന്നു.
Discussion about this post