കോഴിക്കോട്: മലയാള ജനകീയ നാടക പ്രസ്ഥാനത്തിലെ ശ്രദ്ധേയ വ്യക്തിത്വവും കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മധുമാസ്റ്ററുടെ സ്മരണക്കായി കൾച്ചറൽ ഫോറം, മലയാള നാടകരംഗത്തിനു സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് അവാർഡ് നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കൾച്ചറൽ ഫോറത്തിന്റെ മുഖപത്രമായ സൂര്യകാന്തിയുടെയും മധുമാസ്റ്ററുടെയും പേരിലായിരിക്കും പുരസ്കാരം. തുടർവർഷങ്ങളിൽ നാടകരംഗത്തെ വിവിധ മേഖലകളിലെ സംഭാവനകൾക്കായിരിക്കും അവാർഡ് നൽകുക.
നാടകപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മധുമാസ്റ്റർ ജനകീയകലാ പ്രവർത്തനങ്ങളോടു അങ്ങേയറ്റത്തെ പ്രതിബദ്ധത പുലർത്തിയിരുന്ന വ്യക്തിയും സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള തീവ്രമായ സ്വപ്നാഭിലാഷങ്ങൾ എന്നും സൂക്ഷിച്ച സർഗ്ഗ വ്യക്തിത്വവുമായിരുന്നു. 2022 മാർച്ച് 19 നാണ് മധു മാസ്റ്റർ നിര്യാതനായത്.
സംസ്ഥാന സംഘാടക സമിതി യോഗത്തിൽ കൺവീനർ രവി പാലൂർ സാംസ്കാരികരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കൾച്ചറൽ ഫോറം മുന്നോട്ടു വെക്കുന്ന നിലപാടുകളെക്കുറിച്ചും സൂചിപ്പിച്ചു. വി എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മോഹനദാസൻ കുന്നത്ത്, വേണുഗോപാലൻ കുനിയിൽ, സുനിൽ ജോസഫ്, മണികണ്ഠൻ നരണിപ്പുഴ പ്രസംഗിച്ചു.
Discussion about this post