കാസര്‍ഗോഡ്: വ്യാജരേഖകൾ ഉപയോഗിച്ച് സ്വകാര്യ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. തെക്കില്‍ സ്വദേശിയും കരാറുകാരനുമായ മെഹഫൂസിനെയാണ് (30) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിര്‍മിച്ച ചിത്രം രണ്ടുദിവസത്തിനകം പുറത്തിറങ്ങാനിരിക്കെയാണ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ്ചെയ്തത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ചെര്‍ക്കള ശാഖയില്‍നിന്ന് 2018 -ലാണ് വ്യാജരേഖകള്‍ ഹാജരാക്കി 4,17,44,000 രൂപ ഇയാള്‍ വായ്പയെടുത്തത്. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സമര്‍പ്പിച്ച രേഖകള്‍ ഉള്‍പ്പെടെ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ബാങ്ക് അധികൃതര്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡിവൈ എസ് പി പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post